1-September-2023 -
By. kochis,sewing,surpluses,will be,come,toys
കൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ സെന്റ് തെരേസാസ് കോളേജിന്റെയും ഭൂമി വുമണ്‍സ് കളക്ടീവ് എന്ന വനിതകളുടെ കൂട്ടായ്മയുടെയും സഹകരണത്തോടെ തയ്യല്‍ മിച്ചങ്ങള്‍ കൊണ്ട് കളിപ്പാവ നിര്‍മ്മിക്കുവാനുള്ള യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് ഹാനികരവും പരിസ്ഥിതിക്ക് വിനാശകരവുമാണ്. അത്തരം ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും തുണി മിച്ചം വൃത്തിയാക്കി ശാസ്ത്രീയമായി പാവകള്‍ ആക്കി മാറ്റുന്നതിലൂടെ പരിസ്ഥിതി സൗഹാര്‍ദ്ദവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നു.കൊച്ചി നഗരസഭയുടെ ഹീല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നഗരത്തില്‍ നടപ്പിലാക്കുന്നത്. കൊച്ചി നഗരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന തയ്യല്‍ മിച്ചങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ഇതിലൂടെ കൊച്ചി നഗരസഭ ലക്ഷ്യം വെക്കുന്നത്.
കൊച്ചി നഗരസഭയുടെ കച്ചേരിപ്പടിയിലുള്ള സിഹെഡ് ബില്‍ഡിങ്ങിലാണ് കളിപ്പാവ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ മാലിന്യത്തിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ബ്രഹ്മപുരം വേസ്റ്റ് മാനേജ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുവാനും സാധിക്കും. അങ്ങനെ മാലിന്യ പുനരുപയോഗത്തിന്റെ ഏറ്റവും നല്ല മാതൃക ആകുകയാണ് കൊച്ചി നഗരസഭയുടെ ഈ സംരംഭം. ഭിന്നശേഷിക്കാരായ രണ്ടു കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും മറ്റു നാലു സ്ത്രീകള്‍ക്കും തൊഴിലും വരുമാനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി തുടക്കം കുറിക്കുന്നത്.കൊച്ചി നഗരസഭയുടെ ഹീല്‍ കൊച്ചി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം, തൊഴില്‍ എന്നിവയെല്ലാം സാധൂകരിക്കുന്ന തരത്തില്‍ നൂതനവും ശാശ്വതവുമായ പരിഹാരമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും പദ്ധതിയുടെ പ്രവര്‍ത്തനത്തിന് നഗരസഭയുടെ എല്ലാ പിന്തണയും ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
കൊച്ചി നഗരസഭയുടെ കച്ചേരിപ്പടിയിലുള്ള സിഹെഡ് ബില്‍ഡിങ്ങില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കളിപ്പാവ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ബഹു. മേയര്‍ അഡ്വ.എം അനില്‍ കുമാറും മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയയും നിര്‍വഹിച്ചു. ചടങ്ങില്‍ കൊച്ചി നഗരസഭ ക്ഷേമകാര്യ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ലാല്‍, കൗണ്‍സിലര്‍ മനു ജേക്കബ്, ഡോ. സി. വിനീത സി.എസ്.എസ്.ടി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആന്‍ഡ് മാനേജര്‍, സെന്റ് തെരേസാസ് കോളേജ്, ജേ്യാതി ഡി, അസിസ്റ്റന്റ് വി പി, ഫെഡറല്‍ ബാങ്ക്, ഡോ.നിര്‍മ്മല പത്മനാഭന്‍, ഡയറക്ടര്‍, ഭൂമി വുമണ്‍സ് കളക്ടീവ്, ഉഷ രമേഷ്, മാനേജിംഗ് ഡയറക്ടര്‍, ഭൂമി വുമണ്‍സ് കളക്ടീവ്, ഇസബെല്ല തോമസ്, ഡയറക്ടര്‍, ഭൂമി വുമണ്‍സ് കളക്ടീവ് എന്നിവര്‍ പങ്കെടുത്തു.